തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾ അറസ്റ്റിൽ. അമൃത്സർ സ്വദേശിയായ സച്ചിൻ ദാസിനെയാണ് തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് വിവാദമായതോടെ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ വച്ച് രേഖപ്പെടുത്തിയിരുന്നു.
ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി സ്വപ്ന മുംബൈയിലെ ബാബാ സാഹേബ് സർവകലാശാലയിൽ നിന്നുളള വ്യാജ ബികോം സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നാണ് പൊലീസ് പറയുന്നത്. 2009 നും 2011 നും ഇടയിൽ പഠനം പൂർത്തിയാക്കിയെന്നാണ് രേഖ. പഞ്ചാബിൽ നിന്ന് ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണ് ഇതെന്നാണ് കണ്ടെത്തൽ. ഐപിസി സെക്ഷൻ 198, 464, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ പ്രതിമാസ ശമ്പളത്തേക്കാൾ കൂടുതലുള്ള 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.