ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇടതടവില്ലാതെയാണ് മഴ പെയ്യുന്നത്. ഒഡീഷയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മധ്യപ്രദേശിൽ ഇന്നലെയും ഇടതടവില്ലാതെ മഴ പെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് കനത്ത മഴ പെയ്യുന്നത്. ഉജ്ജയിനിലും രാജ്ഗഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ, ദാമോഹ്, അഗർ മാൽവ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ടിടത്തും മിന്നൽ പ്രളയവും മണ്ണിടിച്ചിലും ദുരന്തത്തിന് കാരണമായിട്ടുണ്ട്.
ഒഡീഷയിൽ 9.6 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ആയിരക്കണക്കിനാളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. കനത്ത മഴയിൽ വൈദ്യുതി, ജലവിതരണവും താറുമാറായി. റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രളയത്തെ തുടർന്ന് 1,20,000 ലധികം പേരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒഡീഷയുടെ വടക്കൻ മേഖലയെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. സുബർണരേഖ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 134 താഴ്ന്ന ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബാലസോറിൽ നിന്നും മയൂർഭഞ്ജിൽ നിന്നും വലിയ തോതിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സുബർണരേഖ മാത്രമല്ല ബൈതരാണി നദിയും കരകവിഞ്ഞൊഴുകുകയാണ്.