ഹെല്‍സിങ്കി: ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരിൽ വിവാദത്തിലകപ്പെട്ട ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിന് ആശ്വസിക്കാം. പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
കൊക്കെയ്ൻ, കഞ്ചാവ്, കറുപ്പ് എന്നിവയുൾപ്പെടെ എട്ട് മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താൻ മൂത്രപരിശോധനയാണ് നടത്തിയതെന്നും കുറിപ്പിൽ പറയുന്നു. ഓഗസ്റ്റ് 19 നാണ് പരിശോധന നടത്തിയതെന്നും ഫലം ഒരു ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഫിൻലൻഡ് പ്രധാനമന്ത്രി ഒരു പാർട്ടിയിൽ നൃത്തം ചെയ്ത് ആസ്വദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ഒരു വ്യക്തി ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരിൽ പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രി പങ്കെടുത്ത സ്വകാര്യ പാർട്ടി രാഷ്ട്രീയ വിവാദത്തിൽ അകപ്പെട്ട സമയത്താണ് സന്ന മാരിൻ മരുന്ന് പരിശോധനയ്ക്ക് വിധേയയായത്.