ന്യൂഡല്ഹി: ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാന്തിശ്രീ. ‘ലിംഗനീതിയെക്കുറിച്ചുള്ള ബി ആർ അംബേദ്കറുടെ ചിന്ത; ഏകീകൃത സിവിൽ കോഡ് ഡീകോഡിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം.
നരവംശശാസ്ത്രപരമായി പരിശോധിച്ചാൽ ദൈവങ്ങളാരും തന്നെ ബ്രാഹ്മണരല്ല. ഏറ്റവും ഉയർന്നത് ക്ഷത്രിയ വിഭാഗമാണ്. പരമശിവൻ പട്ടികജാതിയോ പട്ടികവർഗ്ഗക്കാരനോ ആയിരിക്കണം. ശിവൻ ഒരു ശ്മശാനത്തിൽ പാമ്പിന്റെ കൂടെയാണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് അൽപ വസ്ത്രങ്ങൾ മാത്രമാണ്. ബ്രാഹ്മണർക്ക് ശ്മശാനത്തിൽ താമസിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, അതിനാൽ ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരല്ല. ലക്ഷ്മിയും ശക്തിയും ഉൾപ്പെടെയുള്ള ദൈവങ്ങളുടെ കാര്യമാണ് പറയുന്നത്. ജനന്നാഥന്റെ കാര്യം എടുത്താൽ അദ്ദേഹം ഒരു ആദിവാസിയാണ്. ഇതൊക്കെയാണെങ്കിലും മനുഷ്യത്വരഹിതമായ വിവേചനങ്ങൾ ഇപ്പോഴും തുടരുന്നതെന്തിനാണെന്നും ശാന്തിശ്രീ തന്റെ പ്രസംഗത്തിൽ ചോദിച്ചു.
‘മനുസ്മൃതി’ എല്ലാ സ്ത്രീകളെയും “ശൂദ്രർ” എന്ന് തരംതിരിച്ചിട്ടുണ്ടെന്നും അത് വളരെ പിന്തിരിപ്പൻ ആണെന്നും അവർ പറഞ്ഞു. ‘മനുസ്മൃതി’ പ്രകാരം, എല്ലാ സ്ത്രീകളും ശൂദ്രരാണ്. അവർക്ക് ബ്രാഹ്മണരോ മറ്റേതെങ്കിലും ജാതി വിഭാഗമോ ആണെന്ന് അവകാശപ്പെടാൻ കഴിയില്ല. വിവാഹത്തിലൂടെ മാത്രമാണ് അവർക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കുന്നത്. ഇത് വളരെ പിന്തിരിപ്പൻ നിലപാടല്ലേ?” ശാന്തിശ്രീ പറഞ്ഞു.