കോഴിക്കോട്: സർവകലാശാല വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം രംഗത്തെത്തി. ഉന്നത ഭരണഘടനാ പദവിയിലിരുന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരുതായ്മകള്‍ ആവര്ത്തിച്ചുചെയ്യുകയാണെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു. ഗവർണറുടെ വാക്കുകളും പ്രവൃത്തികളും അധപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും പത്രം ആരോപിച്ചു.
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലർ പദവി വഹിക്കുന്ന ഗവർണർ, തനിക്ക് താഴെയുള്ള സർവകലാശാലയുടെ ഭരണത്തലവനായി ജോലി ചെയ്യുന്ന വൈസ് ചാൻസലറെയാണ് ‘ക്രിമിനൽ’ എന്ന് വിളിച്ചത്. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ചരിത്രകോണ്‍ഗ്രസിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഗവർണർ അക്രമിയായും ഗൂഢാലോചനക്കാരനായും ചിത്രീകരിച്ചത്. ചടങ്ങില്‍ ഉദ്ഘാടകനായ ഗവര്‍ണര്‍ പൗരത്വനിയമത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടുവര്‍ഷവും എട്ടുമാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു
‘എത്ര പണ്ഡിതനാണെങ്കിലും, മതനിരപേക്ഷ, ജനാധിപത്യ പക്ഷത്താണെങ്കില്‍ സംഘപരിവാറിന്റെ ശത്രുപ്പട്ടികയിലാകും. ഇർഫാൻ ഹബീബും ഗോപിനാഥ് രവീന്ദ്രനും അവരുടെ വ്യക്തമായ നിലപാടുകൾ കാരണം ദീർഘകാലമായി ഹിന്ദുത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. ഭരണമായാലും ഭരണഘടനയായാലും ‘സംഘ’ത്തിന്റെ പാതയിലാണ് നീങ്ങേണ്ടത്. അതാണ് മോദി സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിദ്വേഷം വളർത്തിക്കൊണ്ടും പണം ഒഴുക്കിക്കൊണ്ടും അധികാരം പിടിക്കുക. അത് സംഭവിക്കാത്ത സംസ്ഥാനങ്ങളിൽ, ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവർണറുടെ വഴിവിട്ട നടപടികൾ എന്നും പത്രം ആരോപിച്ചു.