കോഴിക്കോട്: താമരശ്ശേരിക്കടുത്ത് വാവാട് ദേശീയപാതയിൽ സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറിക്കച്ചവടക്കാരനായ സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്കൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെ 20 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ 700-ലധികം കുഴികളുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറിൽ ചാടി ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.