നിര്‍മാണക്കരാര്‍ പ്രകാരം ദേശീയ മൊത്തവില ജീവിത സൂചികയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് വര്‍ഷംതോറും ടോള്‍പിരിവ് കമ്പനിക്ക് നിരക്ക് പരിഷ്കരിക്കാം. ഇതുവഴി നിരക്ക് 3 ശതമാനം വരെ വർദ്ധിപ്പിക്കാം. എന്നാൽ മിക്ക സമയത്തും, നിരക്കുകൾ ഇതിന് മുകളിലാണ് ഉയർത്തുന്നത്. ടോൾ നിരക്കിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തിന്. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിലാണ് ഏറ്റവും കൂടുതല്‍ ടോള്‍ നിരക്കുള്ളത്.
പാലിയേക്കരയിൽ നിലവിലുള്ള 80 രൂപ 85 രൂപയായും 120 രൂപ 130 രൂപയായും ഉയർത്താനാണ് നിർദേശം. ദേശീയപാത അതോറിറ്റി അംഗീകരിച്ച് പുതിയ നിരക്ക് ഓഗസ്റ്റ് അവസാനത്തോടെ പ്രസിദ്ധീകരിക്കുന്നതാണ് പതിവ്. അങ്ങനെയെങ്കിൽ, സെപ്റ്റംബർ ആദ്യം മുതൽ പുതിയ നിരക്കുകൾ നൽകേണ്ടിവരും.
എന്നാൽ, ദേശീയപാതാ നിർമ്മാണ കരാറിലെ എല്ലാ നിർമ്മാണങ്ങളും കമ്പനി ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുന്നു. കോൺഗ്രസ് നേതാവ് അഡ്വ. ജോസഫ് ടാജെറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റവും പ്രധാനപ്പെട്ട ചാലക്കുടി അടിപ്പാതയുടെ നിർമ്മാണത്തിന്റെ 24 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ.