സി.പി.ഐ(എം) പ്രവർത്തകർ സി.പി.ഐ ഓഫീസ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ഞാറയ്ക്കൽ ഏരിയ സെക്രട്ടറി എ.പി.പ്രിനിൽ ഉൾപ്പെടെ അഞ്ച് സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് ഞാറയ്ക്കലിലെ സി.പി.ഐ ഓഫീസിന് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയത്. ഓഫീസിന്റെ ബോർഡ് അടക്കം നശിപ്പിച്ചെന്നാണ് സി.പി.ഐയുടെ പരാതി.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.ഐ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനുള്ളിൽ അക്രമമുണ്ടായിട്ടില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എ.പി.പ്രിനിൽ പറഞ്ഞു. അപകീർത്തികരമായ പരാമർശങ്ങളെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.