കണ്ണൂര്: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ. ഹൈക്കോടതിയുടെ നടപടിയിൽ ഞാൻ സന്തുഷ്ടനാണ്. ഒരു ഉദ്യോഗാർത്ഥിയെന്ന നിലയിൽ എനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതിനാലാണ് ഞാൻ പ്രതികരിച്ചത്. മറ്റ് ഉദ്യോഗാർത്ഥികളാരും എന്റെ എതിരാളികളല്ല. തനിക്ക് ലഭിക്കേണ്ട ന്യായത്തെക്കുറിച്ചാണ് കോടതിയെ ബോധിപ്പിച്ചത്. ഗവർണറും വി സി യും തമ്മിലുള്ള പ്രശ്നങ്ങളും തന്റെ പ്രശ്ങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. അവരുടെ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ താത്പര്യമില്ല. കേരളത്തിൽ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള നിയമന കാര്യങ്ങളിൽ കോടതിയെ മാത്രമേ ആശ്രയിക്കാൻ കഴിയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്റെ നിയമനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. വിവാദ നിയമനം റദ്ദാക്കിയത് കണ്ണൂർ സർവകലാശാലയ്ക്കും വലിയ തിരിച്ചടിയാണ്.
നിയമനം റദ്ദാക്കിയ വിവരം അറിയിച്ച് പ്രത്യേക ദൂതൻ മുഖേന പ്രിയ വർഗീസിന് നോട്ടീസ് കൈമാറും. പ്രിയ വർഗീസിനെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. അസോസിയേറ്റ് പ്രൊഫസറുടെ ഏറ്റവും കുറഞ്ഞ യോഗ്യതയായ എട്ട് വർഷത്തെ പ്രവൃത്തി പരിചയം പ്രിയ വർഗീസിന് ഇല്ലെന്നും ഹർജിയിൽ പറയുന്നു.