ലാഹോര്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. ഇമ്രാനെതിരെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റിനായി നീക്കം നടക്കുന്നത്. പൊലീസിനേയും ജുഡീഷ്യറിയേയും ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. ശനിയാഴ്ച ഇസ്ലാമാബാദില് ഇമ്രാന് നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ജുഡീഷ്യറിക്കെതിരെ രൂക്ഷ ഭാഷയിലാണ് ഇമ്രാന് വിമര്‍ശനം ഉന്നയിച്ചത്.
മജിസ്ട്രേറ്റ് അലി ജായുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇമ്രാനെതിരെ കേസെടുത്തതിനെതിരെ ഇമ്രാന് അനുകൂലകള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. തന്റെ സഹായിയായ ശബഹാസ് ഗില്ലിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിനും ജുഡീഷ്യറിക്കുമെതിരെ ഇമ്രാന്റെ ഭീഷണി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ മജിസ്ട്രേറ്റിനുമെതിരെ നിയമ നടപടിയെടുക്കുമെന്നായിരുന്നു വിവാദ പ്രസംഗത്തിലൂടെ ഇമ്രാന് ഖാന് പറഞ്ഞത്.
ഇമ്രാന് ഖാന്റെ പ്രസംഗം സംപ്രക്ഷണം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇമ്രാന് ഖാന് പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരമായി സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മീഡിയ റെഗുലേറ്ററി അതോറിറ്റി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. പാകിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്.എ)യാണ് ഉത്തരവിറക്കിയിരുന്നത്.