ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അഡ് ഹോക്ക് ഗവേണിംഗ് ബോഡി പിരിച്ചുവിട്ടു. ആക്ടിംഗ് സെക്രട്ടറി ജനറലിനാണ് ഇനി ദൈനംദിന കാര്യങ്ങളുടെ ചുമതല. സുനന്ദോ ധർ ആണ് ആക്ടിംഗ് സെക്രട്ടറി. അതേസമയം, ഭരണസമിതി തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ഓഗസ്റ്റ് 28 ൽ നിന്ന് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മൂന്നാം കക്ഷികൾ ഭരണത്തിൽ ഇടപെടുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തു.
ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനാണ് ഉത്തരവെന്ന് സുപ്രീം കോടതി പറഞ്ഞു. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിലെ മാറ്റങ്ങൾ നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. സംസ്ഥാന അസോസിയേഷനുകളിലെ അംഗങ്ങളാണ് വോട്ടർ പട്ടികയിലുണ്ടാകുക. നിലവിലെ റിട്ടേണിംഗ് ഓഫീസർ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 15നാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഫിഫ വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാനാവില്ല. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകുന്ന സ്ഥിതിയാണ്.