ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തനിക്ക് സന്ദേശം ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് എക്സൈസ് മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. “എനിക്ക് ബിജെപിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു, ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയിൽ ചേരുക. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നിങ്ങൾക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,” സിസോദിയ ട്വീറ്റ് ചെയ്തു.
തനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണെന്ന് ആവർത്തിച്ച സിസോദിയ, ‘എന്തുവേണമെങ്കിലും ചെയ്യാമെന്ന്’ ബിജെപിയെ വെല്ലുവിളിച്ചു. “മഹാറാണാ പ്രതാപിന്റെയും രാജ്പുത്തിന്റെയും പിൻഗാമിയാണ് ഞാൻ എന്നാണ് ബി.ജെ.പിക്കുള്ള എന്റെ മറുപടി. ഗൂഡാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ തലകുനിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല. എനിക്കെതിരെയുള്ള എല്ലാ കേസുകളും കള്ളമാണ്. എന്തുവേണമെങ്കിലും ചെയ്യൂ’, അദ്ദേഹം ട്വീറ്റ് ചെയ്തു.
എ.എ.പിയുടെ ജനപ്രീതിയെ ബി.ജെ.പി ഭയന്നാണ് തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിസോദിയ ആരോപിച്ചിരുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള മത്സരമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കെജ്രിവാളിനെ തടയാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു.