കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കാൻ തയ്യാറാണെന്ന് ഹൈക്കോടതി. ഹർജിയിൽ അതിജീവിത ഉന്നയിച്ച ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെയാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് എത്തിയത്. സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ വാദം.
ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടി. സെഷൻസ് കോടതിയിൽ നിന്ന് പ്രത്യേക കോടതിയിലേക്ക് ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ കേസ് മാറ്റിയിരുന്നു. എന്നാൽ മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് വീണ്ടും സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.