ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് അതീതമായി കോൺഗ്രസ് ചിന്തിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് ആനന്ദ് ശർമ. ഇനി പാർട്ടി അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ പദവിയെച്ചൊല്ലി ചോദ്യങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ശർമയുടെ പ്രസ്താവന. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഗുലാം നബി ആസാദിന് പിന്നാലെ ഹിമാചൽ പ്രദേശിലെ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ശർമ രാജിവെച്ചിരുന്നു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നീ രണ്ട് ആളുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണോ കോൺഗ്രസ്? കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തെ പരിഹസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ മാറ്റം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ആനന്ദ് ശർമ. “കത്ത് അവിടെ ഉള്ളിടത്തോളം കാലം ഞങ്ങൾ നിലനിൽക്കും. ഞങ്ങൾ വിമതരല്ല, പരിഷ്കർത്താക്കളാണ്. പാർട്ടിയുടെ ഭരണഘടന പിന്തുടരണമെന്ന് പറയുന്നത് കുറ്റകരമാണോയെന്നും അദ്ദേഹം ചോദിച്ചു.
തന്റെ ആത്മാഭിമാനം പണയപ്പെടുത്താനാവില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ശർമ പറഞ്ഞു. നിരന്തരം അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോൾ ആത്മാഭിമാനമുള്ള വ്യക്തിയെന്ന നിലയിൽ തനിക്ക് മറ്റ് മാർഗമില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.