ന്യൂഡൽഹി: അടുത്ത മാസത്തോടെ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. നമീബിയൻ സർക്കാരുമായുള്ള നടപടികൾ പൂർത്തിയായി.
ദേശീയോദ്യാനത്തിന്റെ വികസനത്തിന്റെ ഭാഗമായി ഹെലിപാഡുകളുടെ നിർമ്മാണത്തിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചീറ്റകളെ കുനോയ്ക്കടുത്തുള്ള വിമാനത്താവളത്തിലെത്തിച്ച ശേഷം ഹെലികോപ്റ്ററുകളിൽ പാർക്കിൽ നിർമ്മിക്കുന്ന ഹെലിപാഡുകളിൽ ഇറക്കാനാണ് തീരുമാനം. കുനോയിൽ മഴ തുടരുകയാണ്. ഇത് കുറഞ്ഞാൽ ചീറ്റകളെ കൊണ്ടുവരും.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്റെ അനുമതി ഒഴികെ എല്ലാ അനുമതികളും ലഭിച്ചു. ചീറ്റകളെ ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.