മുംബൈ: മഹാരാഷ്ട്രയിൽ കോടതി വളപ്പിൽ പോലീസ് വാനിൽ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് കൊലക്കേസ് പ്രതി. താനെ ജില്ലയിലെ കല്യാണിൽ പോലീസ് കോടതിയിൽ എത്തിച്ച പ്രതി ഗുണ്ടാ സംഘം നൽകിയ കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ഉല്ലാസ്നഗർ സ്വദേശിയായ രോഹൻ ഝാ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. വധശ്രമക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന രോഹൻ ഝായെ താനെ റൂറൽ പോലീസ് ശനിയാഴ്ചയാണ് കല്യാണിലെ കോടതിയിൽ ഹാജരാക്കിയത്. രോഹനും മറ്റ് പ്രതികളും സഞ്ചരിച്ച വാൻ ജയിലിലേക്ക് പുറപ്പെടാനിരിക്കെയാണ് അമ്പതോളം അനുയായികൾ കേക്കുമായി എത്തിയത്.
കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന രോഹന്റെ വീഡിയോ അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആശംസാഗാനം ആലപിച്ചാണ് ആഘോഷം നടന്നത്. പോലീസുകാർ വാഹനത്തിനുള്ളിൽ ഇരിക്കുമ്പോഴാണ് ജന്മദിനാഘോഷം നടന്നത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്. കേക്ക് മുറിക്കാൻ പ്രതികളെ പോലീസ് അനുവദിക്കുകയും ഇടപെടാതിരിക്കുകയും ചെയ്തതാണ് വിവാദത്തിന് കാരണമായത്.