ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനിൽ വെള്ളപ്പൊക്കം രൂക്ഷം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 225 ആയി.
ബൊലാൻ, ക്വറ്റ, ജാഫ്രാബാദ് ജില്ലകളിൽ നിന്ന് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 105 പുരുഷൻമാരും 55 സ്ത്രീകളും 65 കുട്ടികളും വെള്ളപ്പൊക്കത്തിലും അനുബന്ധ സംഭവങ്ങളിലും മരിച്ചു. പ്രവിശ്യയിൽ 26,567 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 7,167 വീടുകൾ തകരുകയും ചെയ്തു. 1,07,377 കന്നുകാലികൾ ചത്തതായാണ് പിഡിഎംഎയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രളയബാധിതർക്ക് ടെന്റുകൾ, ഭക്ഷണം, പുതപ്പുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പി.ഡി.എം.എ) നൽകുന്നുണ്ട്.