പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. പട്നയിൽ വെച്ചാണ് നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.
ആക്രമണം നടക്കുമ്പോൾ അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല. കല്ലേറിൽ നിരവധി വാഹനങ്ങളുടെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പട്ന ജില്ലയിലെ സോഹ്ഗിയിലാണ് വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരായ അക്രമികൾ കല്ലെറിഞ്ഞത്.
ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ബിയൂരിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ പട്ന-ഗയ മെയിൻ റോഡ് ഉപരോധിച്ചു. അതിനിടെ നിതീഷ് കുമാറിന്റെ വാഹനവ്യൂഹം അതുവഴി കടന്നുപോവുകയായിരുന്നു. പിന്നാലെയാണ് കല്ലേറുണ്ടായത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.