മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിലേ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ മുന്നറിയിപ്പ് നൽകി. ഹൈക്കോടതിയിൽ വിചാരണ ജഡ്ജി ഉത്തരം പറയേണ്ടി വരുമെന്നും മാധ്യമങ്ങളിൽ ജഡ്ജിയുടെ പടം ഉൾപ്പെടെ മോശം വാർത്തകൾ വരുമെന്നും അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി പറഞ്ഞു. 3, 6, 8, 10, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യം റദ്ദാക്കിയ വിധിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾ പരാമർശിച്ചത്.
അതേസമയം, അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. കോടതിയിൽ ഹാജരായ നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മറ്റുളള 9 പേർക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ സ്പെഷ്യൽ കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്.
കേസ് അട്ടിമറിക്കാൻ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ ഹർജിയിലാണ് നടപടി. ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ അടുത്തിടെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.