മധ്യപ്രദേശ്: വൃദ്ധയുടെ മുറിവിൽ കോട്ടണിന് പകരം ‘കോണ്ടം’ പാക്കറ്റ് വെച്ച് കെട്ടി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരനാണ് തലയിൽ കോണ്ടം വെച്ച് കെട്ടിയത്. ജില്ലാ ആശുപത്രിയിലെത്തിയ വൃദ്ധയുടെ ബാൻഡേജ് നീക്കം ചെയ്തപ്പോഴാണ് കവർ കണ്ടെത്തിയത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.
ഇഷ്ടിക വീണ് പരിക്കേറ്റ യുവതി പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി എത്തി. തുന്നിക്കെട്ടുന്നതിന് പകരം, ഡ്രസ്സിംഗ് സ്റ്റാഫ് കോണ്ടം റാപ്പർ ഇട്ട് തലയിൽ കെട്ടികൊടുത്തു. ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബാൻഡേജ് തുറന്നപ്പോൾ കോണ്ടം പൊതിഞ്ഞത് കണ്ട് ഞെട്ടി.
ഇക്കാര്യം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബഹളമുണ്ടായി. ബി.എം.ഒയ്ക്ക് നോട്ടീസ് നൽകുമെന്നും മറുപടി തേടുമെന്നും ബന്ധപ്പെട്ട ഡ്രസ്സർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ അറിയിച്ചു. മൊറേന ജില്ലയിൽ 200 ലധികം പ്രൈമറി, സബ് ഹെൽത്ത്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളുള്ള സിവിൽ ആശുപത്രികൾ ഉണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഗ്രാമീണ മേഖലയിലെ ആരോഗ്യ സേവനങ്ങളുടെ അവസ്ഥ പരിതാപകരമാണ്.