ന്യൂഡല്‍ഹി: അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തന്റെ വസതിയിൽ സി.ബി.ഐ നടത്തിയ റെയ്ഡിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടന്നിട്ടില്ല. ഇത്തരം രാഷ്ട്രീയ നീക്കങ്ങളിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും സിസോദിയ ആരോപിച്ചു.
മൂന്നോ നാലോ ദിവസത്തിനുള്ളിൽ സിബിഐയോ ഇഡിയോ തന്നെ അറസ്റ്റ് ചെയ്തേക്കും. ഞങ്ങൾ പേടിക്കില്ല. നിങ്ങൾക്ക് ഞങ്ങളെ നശിപ്പിക്കാൻ കഴിയില്ല. 2024 ലെ തിരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലായിരിക്കുമെന്നും സിസോദിയ പറഞ്ഞു. അവരുടെ പ്രശ്നം അഴിമതിയല്ല, കെജ്രിവാളാണ്. കെജ്രിവാളിന്റെ മുന്നേറ്റം തടയാനാണ് തനിക്കെതിരായ എല്ലാ നീക്കങ്ങളും നടത്തിയതെന്ന് സിസോദിയ ആരോപിച്ചു. ഞാൻ ഒരു തരത്തിലുമുള്ള അഴിമതിയും ചെയ്തിട്ടില്ല. കെജ്രിവാൾ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി മാത്രമാണ് ഞാൻ. അദ്ദേഹം പറഞ്ഞു.
മദ്യനയം തികച്ചും സുതാര്യവും സത്യസന്ധവുമായിരുന്നു. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഇതിനെതിരെ ഗൂഢാലോചന നടത്തിയില്ലായിരുന്നെങ്കിൽ സർക്കാരിന് 10,000 കോടി രൂപയുടെ വാർഷിക വരുമാനം ലഭിക്കുമായിരുന്നു. താനും കുടുംബാംഗങ്ങളും സി.ബി.ഐ റെയ്ഡുമായി പൂർണമായും സഹകരിച്ചതായി സിസോദിയ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആം ആദ്മി പാർട്ടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തങ്ങൾക്ക് ഭയമില്ലെന്നും കേന്ദ്ര സർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നും സിസോദിയ കൂട്ടിച്ചേർത്തു. മദ്യനയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിബിഐ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. സിസോദിയയുടെ വസതിയിൽ 14 മണിക്കൂറോളം സി.ബി.ഐ പരിശോധന നടത്തി.