ന്യൂഡല്‍ഹി: അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അന്തിം പംഗൽ ചരിത്രം സൃഷ്ടിച്ചു. അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി പംഗൽ മാറി.
ബൾഗേറിയ ആതിഥേയത്വം വഹിച്ച അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ സ്വർണം നേടിയത്. ഫൈനലിൽ കസാഖിസ്ഥാന്റെ അറ്റ്ലിൻ ഷഗയേവയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണം നേടിയത്. 8-0 എന്ന സ്കോറിനാണ് പംഗലിന്റെ വിജയം.
ഹരിയാനയിലെ ഭഗന ഗ്രാമത്തിൽ ജനിച്ച 17 കാരിയായ പംഗൽ ചാമ്പ്യൻഷിപ്പിൽ യൂറോപ്യൻ ചാമ്പ്യനായ ഒലിവിയ ആൻഡ്രിച്ചിനെ പരാജയപ്പെടുത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. സെമിയിൽ ഉക്രെയ്നിന്റെ നതാലിയ ക്ലിവ്സ്ചുറ്റ്സയെ തോൽപ്പിച്ചാണ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്.