തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസം വരുത്തിയതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. മന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച എസ്.ഐ എസ്.എസ് സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി സുനിൽ എന്നിവരുടെ സസ്പെൻഷനാണ് സിറ്റി പൊലീസ് കമ്മീഷണർ പിൻവലിച്ചത്.
സസ്പെൻഷൻ നടപടി സേനയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
പള്ളിച്ചാലിൽ നിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്ന് ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. എന്നാൽ അകമ്പടിവാഹനം, കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജങ്ഷൻ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ പ്രവേശിച്ചത്.