തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവ് വെട്ടിക്കുറയ്ക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇതിനായി ധനവകുപ്പ് 1000 കോടി രൂപ കടമെടുക്കും. ഓണത്തിന് മുമ്പ് ക്ഷേമപെൻഷൻ നൽകാനാണ് ധനവകുപ്പിന്റെ തീരുമാനം.
ആദ്യഘട്ടത്തിൽ 1,000 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, മറ്റ് സാധാരണ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 6,000 കോടി രൂപ ആവശ്യമാണ്. ഓണക്കാലത്ത് 3,000 കോടി രൂപ കൂടി കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിനായി എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്.
സർക്കാർ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവുകൾ. സെപ്റ്റംബർ ആദ്യം രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 52 ലക്ഷം പേർക്ക് 3,200 രൂപ ചെലവിൽ പെൻഷൻ നൽകാൻ ഏകദേശം 1,800 കോടി രൂപ വേണ്ടിവരും. ഇതോടെ 8,000 കോടി രൂപയെങ്കിലും ഇത്തവണ ഖജനാവിൽ ആവശ്യമാണ്. 1000 കോടി രൂപ കടമെടുത്താൽ ഓണച്ചെലവ് നികത്താനാകുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.