തിരുവനന്തപുരം: സർക്കാരുമായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നത്. സർവകലാശാലകളിൽ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ കമ്മിഷനെ നിയമിച്ചേക്കും. ഹൈക്കോടതി ജഡ്ജി, റിട്ട.ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുൾപ്പെടുന്ന കമ്മിഷനെ നിയമിക്കാനാണ് ആലോചന. ഗവർണർ ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയതായി റിപ്പോർട്ട് ഉണ്ട്. 24ന് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഗവർണർ തീരുമാനം പ്രഖ്യാപിക്കും.
കേരള സർവകലാശാല സെനറ്റ് യോഗം തനിക്കെതിരെ പാസാക്കിയ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗവർണർ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ്ഭവൻ കൈമാറിയിട്ടുണ്ട്. സെനറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയ വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ളയ്ക്കെതിരെ നടപടി ഉണ്ടായേക്കും. നിയമനാധികാരിയായ ഗവർണർക്ക് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ അധികാരമുണ്ട്. വി.സിയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും.
പ്രമേയം പാസാക്കിയ സെനറ്റിന്റെ നീക്കത്തിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്. ചർച്ച ചെയ്യാനും പരിഹരിക്കാനും കഴിയുന്ന വിഷയങ്ങൾ പ്രമേയത്തിലൂടെ ജനങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ് അതൃപ്തിയുണ്ടാക്കിയത്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയം കഴിഞ്ഞതിനാലാണ് ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമാകുമ്പോൾ ഉൾപ്പെടുത്താനും തീരുമാനിച്ചു.