കുരങ്ങ് വസൂരി വൈറസ് കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കുമെന്ന് പഠനങ്ങൾ. ഈ പഠനത്തിനായി, കുരങ്ങുപനി ബാധിച്ച രണ്ട് വ്യക്തികളെ ഒരു വീടിനുള്ളിൽ പാർപ്പിച്ചാണ് പഠനം നടത്തിയത്. ഇരുവരും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പ്രതലങ്ങളും പതിവായി അണുവിമുക്തമാക്കി. ദിവസേന അണുനശീകരണം നടത്തിയിട്ടും രോഗലക്ഷണങ്ങൾ ആരംഭിച്ച് 20 ദിവസത്തിന് ശേഷവും പല വസ്തുക്കളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. യുഎസ് ഡിസീസ് കൺട്രോൾ ബോഡിയായ സിഡിസിയാണ് പഠനം നടത്തിയത്.
രോഗികൾ ഉപയോഗിക്കുന്ന കട്ടിലുകൾ, പുതപ്പുകൾ, കോഫി മെഷീനുകൾ, കമ്പ്യൂട്ടർ മൗസ്, ലൈറ്റ് സ്വിച്ചുകൾ തുടങ്ങിയ പ്രതലങ്ങളിൽ ദിവസങ്ങൾക്ക് ശേഷവും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി. അതേസമയം, വൈറസ് ഈ രീതിയിൽ നിലനില്‍ക്കുന്നുണ്ടെങ്കിലും രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
പഠനത്തിന്റെ ഭാഗമായി, കുരങ്ങുപനി ബാധിച്ച ഒരു വ്യക്തിയുടെ വീട് സന്ദർശിക്കുന്നവർക്കായി യുഎസ് ഡിസീസ് കൺട്രോൾ ബോഡി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. പതിവായി മാസ്ക് ധരിക്കുക, മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, ഭക്ഷണ പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ പങ്കിടുന്നത് ഒഴിവാക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.