മുംബൈ: 26/11 ആക്രമണത്തിനു സമാനമായ രീതിയിൽ മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോൾ സെല്ലിന്റെ വാട്സാപ്പ് നമ്പറിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 26/11 ആക്രമണം, ഉദയ്പൂർ കൊലപാതകം, സിന്ധു മൂസവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
പാകിസ്ഥാനിലെ ഒരു നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. താൻ നിലവിൽ ഇന്ത്യയ്ക്ക് പുറത്താണെന്ന് സന്ദേശം അയച്ചയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആറ് പേർ മുംബൈയിൽ ആക്രമണം നടത്തുമെന്നും ഇയാള്‍ പറഞ്ഞു.
ഭീഷണി സന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജൻസികളെയും അറിയിച്ചിട്ടുണ്ട്. വ്യാജ സന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്.