തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഡെലിവറി ഏജന്റുമാർ തിരുവനന്തപുരത്ത് നടത്തിയ 4 ദിവസത്തെ സമരത്തിന് ഒടുവിൽ വിജയം.
ദൈനംദിന വരുമാനം ഗണ്യമായി കുറയ്ക്കുകയും ഇൻസെന്റീവ് പേയ്മെന്റുകളിൽ മാറ്റം വരുത്തുകയും വിശദീകരണമില്ലാതെ ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുകയും ചെയ്തതുൾപ്പെടെ മാനേജ്മെന്റ് നടപ്പാക്കിയ “പരിഷ്കാരങ്ങൾ”ക്കെതിരെയാണ് ഡെലിവറി ഏജന്റുമാർ കഴിഞ്ഞ 4 ദിവസമായി പ്രതിഷേധിച്ചത്.
ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. മാനേജ്മെന്റിനെതിരായ അനിശ്ചിതകാല സമരം നാലാം ദിവസം വിജയകരമാവുകയായിരുന്നു. വെള്ളിയാഴ്ച അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം, സൊമാറ്റോയുടെ പ്രതിനിധികൾ ഡെലിവറി ഏജന്റുമാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സമ്മതിച്ചു.