പാരസെറ്റാമോള്‍ ഗുളികയായ ഡോളോ 650 നിർദ്ദേശിക്കാൻ ഡോക്ടർമാർക്ക് 1000 കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മരുന്ന് നിർമ്മാതാക്കൾ. ഇത് എങ്ങനെ സാധിക്കുമെന്നും വാര്‍ത്തകള്‍ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഡോളോയുടെ നിർമ്മാതാക്കൾ പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകൾ അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴും കമ്പനി 350 കോടി രൂപയുടെ ബിസിനസ് മാത്രമാണ് നടത്തിയതെന്നും, അപ്പോൾ ഇത്രയും വലിയ തുക എങ്ങനെയാണ് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ കഴിയുകയെന്നും മൈക്രോലാബ്സ് വൈസ് പ്രസിഡന്റ് ജയരാജ് ഗോവിന്ദരാജു ചോദിച്ചു. അതേ വർഷം തന്നെ 1,000 കോടി രൂപ ഡോക്ടർമാർക്ക് നൽകുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോളോയുടെ നിർമ്മാതാക്കൾ 1,000 കോടി രൂപ കൈക്കൂലി നൽകിയതായി ഇന്‍കം ടാക്സാണ് കണ്ടെത്തിയിരുന്നത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്.