മൂവാറ്റുപുഴ: മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസറുകൾ, ആധുനിക സോഫ്റ്റ് വെയർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ മോഷണം തടയാനും മുന്നിലെ വസ്തുക്കൾ നിരീക്ഷിച്ച് വേഗത നിയന്ത്രിക്കാനും കഴിയുന്ന ഫീച്ചറുകൾ ഉണ്ട്.
ഒരു പഴയ മോട്ടോർബൈക്ക് വാങ്ങി അതിന്റെ സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇലക്ട്രിക് ബൈക്ക് നിർമ്മിച്ചത്. ഫുൾ ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 60 മുതൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ബൈക്കിന് കഴിയും കഴിയും. ഇതിന് ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ് വന്നത്. അധ്യാപകരായ ലിപിൻ പോൾ, ഡോ. വദന കുമാരി എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ സംഗീത് മാത്യു, എൽദോ ഷാജു, മോൻസി ബേബി, അനിക്സ് സാം, ആൽബി കാവനാൽ, അലൻ എൽദോ എന്നിവരാണ് ബൈക്കിന്റെ നിർമാണത്തിൽ പങ്കാളികളായത്.