മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേസിൽ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിസോദിയ.
കേസിലെ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി എക്സിക്യൂട്ടീവുകൾ, ഡീലർമാർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.
2021 നവംബറിൽ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സിസോദിയയ്ക്കും മറ്റുള്ളവർക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടിലെ സിബിഐ റെയ്ഡ് 15 മണിക്കൂറിലധികം നീണ്ടുനിന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി സി.ബി.ഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളില്‍ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.