ഡൽഹി: രാജ്യത്തെ ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായി പഴയ വാഹനങ്ങളിൽ പുതിയ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അത്യാധുനിക സംവിധാനങ്ങൾ ഇതുമായി സംയോജിപ്പിക്കും.
2019 മുതൽ എച്ച്.എസ്.ആർ.പി പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റുകൾ നൽകുന്നുണ്ട്. ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ടോൾ അടയ്ക്കുന്നതിന് പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ടോൾ പ്ലാസകളിൽ വാഹനങ്ങൾ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാകുന്നതോടെ, ഇന്ധനച്ചെലവും മലിനീകരണവും കുറയുകയും ആളുകൾക്ക് സമയം ലാഭിക്കുകയും ചെയ്യും. പുതിയ സംവിധാനം അനുസരിച്ച് വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം ഈടാക്കും. രാജ്യത്തെ 97 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ട്.