ഉറുംചി: ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ചൈന കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. ഷിൻജിയാങ്ങിൽ കോവിഡ് നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്. സീറോ കോവിഡ് നയത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
സീറോ-കോവിഡ് നയത്തിന്റെ ഭാഗമായി, വൈറസിനെ കഴിയുന്നത്ര തുടച്ചുനീക്കാൻ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ടെസ്റ്റിങ്ങുകൾ, ലോക്ഡൗൺ തുടങ്ങിയവ ഉൾപ്പെടെയുള്ള കടുത്ത മാർഗങ്ങളാണ് ചൈന നടപ്പാക്കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോഗത്തെ പൂർണമായും തുടച്ചുനീക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.
ബുധനാഴ്ച മാത്രം 2779 കോവിഡ് കേസുകളാണ് ഷിൻജിയാങ്ങിൽ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ ഉറുംചിയിൽ രോഗപ്രതിരോധത്തിന്റെ ഭാഗമായി 73ഓളം ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അയൽപക്കമായ ടിബറ്റ് ഓട്ടോണമസ് റീജിയണിലും കോവിഡ് കേസുകൾ ഉയരുകയാണ്. 2911 കോവിഡ് കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 742 കേസുകൾ കൂടുതലുമായിരുന്നു.