നടൻ സുരേഷ് ഗോപിയുടെ ബോക്സോഫീസിലേക്കുള്ള തിരിച്ചുവരവ് ആയിരിക്കുകയാണ് ‘പാപ്പൻ’. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സൂപ്പർ സ്റ്റാറായി തിരിച്ചെത്തുന്നത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ 50 കോടി ക്ലബിൽ പ്രവേശിച്ചു. റിലീസ് ചെയ്ത് 20-ാം ദിവസം പിന്നിടുമ്പോഴും അമ്പതോളം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
റിലീസ് ദിവസം 3.16 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്. രണ്ടാം ദിനം 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയുമാണ് നേടിയത്. ഒരു ഇടവേളയ്ക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രമായതു കൊണ്ടു തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പാപ്പന്.
കേരളത്തിൽ 250 ലധികം തിയേറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്തത്. രണ്ടാം ആഴ്ചയിൽ കേരളത്തിന് പുറത്ത് പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്വർക്കിനാണ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദർശനത്തിനെത്തും.