ന്യൂഡൽഹി: ഇന്ത്യയിൽ തുടർച്ചയായ 82-ാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസൽ വില ലിറ്ററിന് 89.62 രൂപയായി. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില 100 ഡോളറിൽ താഴെയാണ്.
ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 94.97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില 89.05 ഡോളറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില താഴ്ന്ന നിലയിലാണ്. ഇന്ധന വില കുത്തനെ ഉയർന്നതിനെ തുടർന്ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം വിവിധ നഗരങ്ങളിലെ എണ്ണവിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.