പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സ്വിഗ്ഗിക്കെതിരെ ആരോപണവുമായി തമിഴ് ചലച്ചിത്ര ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്വിഗ്ഗിക്കെതിരെ ആരോപണം ഉന്നയിച്ചത്. പരാതി പറഞ്ഞപ്പോൾ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നൽകുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു.
ഗോബി മഞ്ചൂരിയൻ വിത്ത് കോൺ ഫ്രൈഡ് റൈസ് ആണ് കൊ സേഷ സ്വിഗി വഴി ഓർഡർ ചെയ്തത്. എന്നാൽ, ഭക്ഷണത്തിൽ ചിക്കൻ പീസുകൾ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിൻ്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.
“ഞാൻ എന്റെ ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നു. പക്ഷേ, എത്ര ലാഘവത്തോടെയാണ് അവർ എൻ്റെ മൂല്യങ്ങളെ വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്നത്. സ്വിഗ്ഗിയുടെ സംസ്ഥാന ഹെഡിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തണം. ഇതിൽ ഞാൻ നിയമനടപടി സ്വീകരിക്കും”- കൊ സേഷ ട്വീറ്റ് ചെയ്തു.