ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മലയാളി മെമ്മോറിയലി’ൻ്റെ മുഖചിത്രം ചർച്ചയാകുന്നു. കവർ ഫോട്ടോയിൽ അംബേദ്കർ കസവു ബോർഡർ മുണ്ടും മേൽശീലയും ധരിച്ചിരിക്കുന്നതായി കാണാം. അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിരുദ്ധമാണ് ഈ കവർ എന്നാണ് വിമർശകർ പറയുന്നത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൻ്റെ മുഖചിത്രം പ്രമുഖ ഡിസൈനർ സൈനുൽ ആബിദ് ആണ് ഒരുക്കിയിരിക്കുന്നത്. കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയാണ്.
അതേസമയം, കഥയുടെ പ്രമേയവുമായി ബന്ധപ്പെട്ട ഒരു കവർ ചിത്രമാണ് ഇതെന്ന് സൈനുൽ ആബിദ് പറഞ്ഞു. മലയാളി മെമ്മോറിയൽ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവർ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാൻ സാധ്യതയുണ്ട്. ഈ കഥയിലെ സന്തോഷ് നായർ തന്റെ ജാതിപ്പേരിനൊപ്പം യഥാർത്ഥ പേര് നിലനിർത്താനും അംബേദ്കർ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയം ഇരട്ടപ്പേരായി വീണ അംബേദ്കർ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവർ ചിത്രീകരിക്കുവാൻ ഇടയാക്കിയത്.