അമേരിക്ക: അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിൽ യുവതി വാങ്ങിയത് 85 വീടുകൾ. അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിക്ക് രേഖകളിലെ ചെറിയ അക്ഷര പിശക് മൂലമാണ് അബദ്ധം പറ്റിയത്. 5,94,481 ഡോളർ മുടക്കി ഒരു വീട് വാങ്ങിയ യുവതി ഈ പിഴവ് മൂലം ഏതാണ്ട് 50 മില്ല്യൺ ഡോളറിനുള്ള വസ്തുക്കളാണ് സ്വന്തം പേരിലാക്കിയത്.
നെവാഡയിലെ സ്പാർക്ക്സ് പട്ടണത്തിൽ ഒരു വീട് വാങ്ങാൻ ശ്രമിക്കുകയായിരുന്നു യുവതി. വാഷോ കൗണ്ടിയിലാണ് രേഖകൾ തയ്യാറാക്കിയത്. രേഖകൾ തയ്യാറാക്കിയതിന് ശേഷമാണ് താൻ അധികമായി 84 വീടുകളുടെ കൂടി ഉടമയായതായി യുവതി തിരിച്ചറിഞ്ഞത്. രേഖകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതെന്നാണ് നിഗമനം. രേഖകളിലെ പിശക് തിരുത്തിയ ശേഷം അബദ്ധത്തിൽ വിറ്റ വീടുകൾ അതത് ഉടമകൾക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.