തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനിൽ അസാധാരണ പ്രതിസന്ധി. കമ്മിഷൻ അംഗത്തിന്റെയും ചെയർമാന്റെയും ഒഴിവുകൾ നികത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. വിരമിക്കുന്നതിന് ആറ് മാസം മുമ്പ് ഒരു അംഗത്തെയും ചെയർമാനെയും തിരഞ്ഞെടുക്കണമെന്ന നിബന്ധന സർക്കാർ അട്ടിമറിച്ചു. ഇതോടെ സുപ്രധാന സംഭവങ്ങളിലുള്ള തെളിവെടുപ്പും വൈദ്യുതി വാങ്ങൽ ഇടപാടുകളും നിലച്ചു.
2003 ലെ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും റെഗുലേറ്ററി കമ്മീഷനാണ് എടുക്കേണ്ടത്. രണ്ടംഗങ്ങളും ചെയര്‍മാനുമുള്ള റെഗുലേറ്ററി കമ്മീഷനില്‍ ഇപ്പോഴുള്ളത് ഒരംഗം മാത്രമാണ്. 2020 ൽ വിരമിച്ച അംഗത്തിന് പകരം പുതിയ നിയമനം ഉണ്ടായിട്ടില്ല. കമ്മീഷൻ അംഗമായിരുന്ന വേണുഗോപാൽ 2020 ഏപ്രിലിലാണ് വിരമിച്ചത്. പകരം നിയമനം നടത്താനുളള നടപടികൾ നിയമനടപടികളിൽ കുടുങ്ങി. എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാനോ പുതിയ നിയമനങ്ങൾ നടത്താനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ജൂലൈ 17നാണ് ചെയര്‍മാനായിരുന്ന പ്രേമൻ ദിനരാജൻ വിരമിച്ചത്. എന്നാൽ പുതിയ ചെയർമാനെ നിയമിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇലക്ട്രിസിറ്റി ആക്ട് പ്രകാരം അംഗവും ചെയർമാനും വിരമിക്കുന്നതിന് ആറ് മാസം മുമ്പ് പുതിയ അംഗത്തെയും ചെയർമാനെയും തിരഞ്ഞെടുക്കണം. ഇത് സർക്കാർ അട്ടിമറിച്ചു. ഇതോടെ സർക്കാരിന്റെ ഗുരുതരമായ അലംഭാവം വൈദ്യുതി മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോഴുള്ളത് വൈദ്യുതി മേഖലയില്‍ പരിചയമില്ലാത്ത അംഗം മാത്രമാണ്.