തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എല്ലാ മാസവും പണിമുടക്കുന്നത് ശരിയല്ലെന്നും ശമ്പള പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയനുകളുടെ യോഗം ചേർന്നു. തുടർച്ചയായ രണ്ടാം ദിവസവും ചർച്ചകൾ നടന്നെങ്കിലും ധാരണയായില്ല. 22ന് വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അഞ്ചിനകം ശമ്പളം വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. യൂണിയനുകൾ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ ധാരണയായി. എല്ലാ മാസവും സമരം നടത്തി കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് തർക്കം പ്രധാനമായും നടക്കുന്നതെന്നും നിലവിലുള്ള നിയമം അനുസരിച്ച് അത് നടപ്പിലാക്കാൻ നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു. 60 വർഷം പഴക്കമുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ബാക്കി സമയം ഓവർടൈം ആയി പരിഗണിച്ച് വേതനം നൽകണമെന്ന നിർദ്ദേശത്തിൽ തീരുമാനമായിട്ടില്ല.