പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ താരമായി ഫഹദ് ഫാസിൽ. ആലപ്പുഴ റജിസ്ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗമുള്ള എസ്യുവികളിലൊന്നാണ് സൂപ്പർസ്പോർട്സ് കാർ എന്ന ഖ്യാതിയിൽ എത്തിയിരിക്കുന്ന ഈ വാഹനം. എംഎൽബി ഇവോ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 305 കിലോമീറ്ററാണ്.
പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതി. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് എസ്യുവിയിൽ. ലംബോർഗിനിയുടെ ആദ്യ എസ്യുവിയെന്ന പെരുമ പേറുന്ന ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. അന്താരഷ്ട്ര വിപണിയിലെ അവതരണത്തിന് ഒരു വർഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയിൽ എത്തിയത്.