ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഭരണം ഉടന്‍ ഏറ്റെടുക്കരുതെന്ന് ജസ്റ്റിസ് അനില്‍ ആര് ദാവെ അധ്യക്ഷനായ താത്കാലിക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. ഒളിമ്പിക് അസോസിയേഷന്റെ ഭരണത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഇടക്കാല ഭരണസമിതി രൂപീകരിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അഡ് ഹോക്ക് ഭരണസമിതിയെ ബാഹ്യ ഇടപെടലായി കാണുന്നുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഹർജികൾ തിങ്കളാഴ്ച വിശദമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര് ദാവേയുടെ അധ്യക്ഷതയിലാണ് ഹൈക്കോടതി താത്കാലിക ഭരണസമിതി രൂപവത്കരിച്ചത്. മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി, വിദേശകാര്യ വകുപ്പ് മുന്‍ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. താത്കാലിക ഭരണസമിതിയെ സഹായിക്കാന്‍ കായിക താരങ്ങളായ അഞ്ചു ബോബി ജോര്‍ജ്ജ്, അഭിനവ് ബിദ്ര, ബോംബെലെ ദേവി എന്നിവര്‍ അടങ്ങിയ മറ്റൊരു സമിതിക്കും ഡല്‍ഹി ഹൈക്കോടതി രൂപം നല്‍കിയിരുന്നു.