വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡിലന് മോഹന്‍ ഗ്രേ. ചിത്രം ഓസ്കര് പുരസ്കാരത്തിന് അയക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിവേക് അഗ്നിഹോത്രിയ്ക്ക് നല്കിയ മറുപടിയില്‍ അദ്ദേഹം കുറിച്ചു.
ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന് അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിനു തുടക്കമിട്ടത്. ഓസ്കര് നാമനിര്‍ദ്ദേശത്തിന് രാജമൗലിയുടെ ആര്‍ആര്‍ആര്‍ പരിഗണിക്കപ്പെടുമെന്നും കാശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും കശ്യപ് അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി പരസ്യമായി രംഗത്ത് വന്നിരുന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്ക്കെതിരേ പ്രചരണങ്ങള്‍ തുടങ്ങി എന്നാണ് വിവേക് അഗ്നിഹോത്രി പ്രതികരിച്ചത്. ഇതിനെതിരെ പ്രതികരിച്ചാണ് ഡിലന് മോഹന്‍ ഗ്രേ രംഗത്ത് എത്തിയത്.
“സത്യത്തില്‍ ഇത് (കശ്മീര്‍ ഫയല്‍സ്) വിദ്വേഷം പ്രചരിപ്പിക്കുന്ന ചവറാണ്. കലാപരമായ ഒന്നും തന്നെ ഇതിലില്ല. ‘നിഷ്പക്ഷമതി’കളായ ബോര്‍ഡ് ഇതിനെ തിരഞ്ഞെടുത്താല്‍ (ഓസ്കര് നാമനിര്‍ദ്ദേശത്തിന്) ഇന്ത്യയെ ലജ്ജിപ്പിക്കും. അനുരാഗ് കശ്യപ് രാജ്യത്തിന്റെ ബാക്കിയുള്ള സല്‍പ്പേരിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്”; ഡിലന് മോഹന്‍ ഗ്രേ കുറിച്ചു.