ഡൽഹി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ. പീഡനക്കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ വിമർശനം.
പരാതിക്കാരി ലൈംഗികമായി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രംഗത്തെത്തി. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കോടതി അവഗണിച്ചുവെന്നും രേഖ ശർമ്മ ആരോപിച്ചു. സ്ത്രീകൾക്കെതിരായ ഹീനമായ ആക്രമണങ്ങളെ ന്യായീകരിക്കുന്ന ഘട്ടത്തിലേക്ക് കോടതികൾ എത്തുന്നത് ആശങ്കാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിന് മുമ്പ് അത്തരം പരാമർശങ്ങൾ നടത്തിയതിലൂടെ, കോടതി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണ്. ലൈംഗികാതിക്രമം പോലുള്ള ഗുരുതരമായ കേസുകളിൽ ഇത് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് നടന്ന ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിടാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് കേരളത്തിൽ ഈ സംഭവം. രാജ്യത്തെ സ്ത്രീ സമൂഹത്തെ ആശങ്കപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഒരു പുനർവിചിന്തനം ആവശ്യമാണെന്ന് സതി ദേവി പറഞ്ഞു.