ന്യൂഡല്‍ഹി: ഒരു താപവൈദ്യുത നിലയത്തിനാവശ്യമായ കൽക്കരി മുഴുവൻ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ. ഒരു ചരക്ക് ട്രെയിനിന് കൊണ്ടുപോകാൻ കഴിയുന്നതിന്റെ മൂന്നിരട്ടി ചരക്കുകൾ വഹിക്കാൻ കഴിയുന്ന സൂപ്പർ വാസുകി എന്ന ട്രെയിൻ ആണ് റെയിൽവേ പരീക്ഷിച്ചത്. 295 വാഗണുകളുള്ള ചരക്കുതീവണ്ടിയാണ് സൂപ്പര്‍ വാസുകി.’ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ തീവണ്ടിയുടെ കന്നിയോട്ടം ഓഗസ്റ്റ് 15-ന് നടത്തിയത്.ഛത്തീസ്ഗഡിലെ കോർബ മുതൽ നാഗ്പൂരിലെ രാജ്നന്ദ്ഗാവ് വരെ 25,962 ടണ്‍ കൽക്കരിയുമായി ആണ് സൂപ്പർ വാസുകി ഓടിയത്. ട്രെയിനിന്റെ മൊത്തം നീളം 3.5 കിലോമീറ്ററായിരുന്നു. അഞ്ച് ചരക്ക് ട്രെയിനുകളുടെ ബോഗികൾ സംയോജിപ്പിച്ചാണ് സൂപ്പർ വാസുകി തയ്യാറാക്കിയത്. സൂപ്പർ വാസുകി ഒരു സ്റ്റേഷൻ കടക്കാൻ ഏകദേശം നാല് മിനിറ്റോളം എടുത്തു. ഒറ്റ ട്രിപ്പിൽ 27,000 ടൺ വരെ വഹിക്കാൻ സൂപ്പർ വാസുകിക്ക് കഴിയും.3000 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റിന് ഒരു ദിവസം ആവശ്യമുള്ള കല്‍ക്കരി ഒറ്റത്തവണ യാത്രയില്‍ സൂപ്പര്‍ വാസുകിയ്ക്ക് എത്തിക്കാനാകും. നിലവിൽ, ഇന്ത്യയിൽ ഒരു ചരക്ക് ട്രെയിനിന് പരമാവധി 9,000 ടൺ കൽക്കരിയാണ് വഹിക്കാൻ കഴിയുന്നത്. സൂപ്പർ വാസുകി അതിന്റെ മൂന്നിരട്ടി വിതരണം ചെയ്യുന്നതിനാൽ ഇത്തരം ഗുഡ്സ് ട്രെയിനുകൾ വ്യാപകമായി ഉപയോഗിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. വൈദ്യുതി നിലയങ്ങൾക്കായുള്ള കൽക്കരി പോലുള്ള അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം തടയാൻ ഇത് സഹായകമാകുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.