മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന ‘റോഷാക്ക്’ സെപ്റ്റംബർ 29ന് റിലീസ് ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ദുൽഖറിന്റെ വേഫാർ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. റിലീസ് തീയതി വ്യക്തമാക്കി വേഫാർ തിയറ്ററുകളുമായി കരാറിലേക്ക് നീങ്ങിയിട്ടുണ്ട്. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരും അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രാഹകൻ. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.