മലയാള സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ച മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ആക്ഷൻ ചിത്രമായ ആർഡിഎക്സിന്റെ പൂജ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു എന്നിവരും അഭിനയിക്കുന്നുണ്ട്. ആദർശ് സുകുമാരൻ , ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.