ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ലോട്ടറികളിൽനിന്നാലത്തെ മറ്റ് വരുമാനമില്ലെന്ന് മേഘാലയയിലെയും സിക്കിമിലെയും സർക്കാരുകൾ സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്നും രണ്ട് സംസ്ഥാനങ്ങളും കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ ഉൽപ്പന്നങ്ങൾ മറ്റൊരു സംസ്ഥാനത്ത് വിൽക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് മേഘാലയ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
1998 ലെ ലോട്ടറി റെഗുലേഷൻ ആക്ടിലെ സെക്ഷൻ 5 ചോദ്യം ചെയ്താണ് മേഘാലയ സർക്കാർ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്. കോവിഡ് മഹാമാരിക്ക് ശേഷം ഇരു സംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചു. മേഘാലയ സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും സിക്കിം സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്വിയും ആണ് ഹാജരായത്.
അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഇന്ന് ഹാജരാകാത്തതിനാൽ ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. തങ്ങളുടെ ആവശ്യം അടിയന്തിര സ്വഭാവമുള്ളതല്ലെന്ന് അറ്റോർണി ജനറലിന് പറയാനാകില്ലെന്ന് മേഘാലയ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനായി മാറ്റിവച്ചു.