മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 215 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി ചേർത്തു. ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇഡി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. മോഷ്ടിച്ച പണത്തിന്റെ ഗുണഭോക്താവ് ജാക്വലിൻ ഫെർണാണ്ടസ് ആണെന്ന് ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് ജാക്വലിൻ ഫെർണാണ്ടസിന് അറിയാമായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് 10 കോടി രൂപയുടെ സമ്മാനങ്ങൾ അയച്ചതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ജാക്വലിൻ ഫെർണാണ്ടസിന്റെ ഏഴ് കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് 5.71 കോടി രൂപയുടെ സമ്മാനങ്ങൾ വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ജാക്വലിൻ ഫെർണാണ്ടസിന്റെ അടുത്ത ബന്ധുക്കൾക്ക് 1,73,000 യുഎസ് ഡോളറും 27,000 ഓസ്ട്രേലിയൻ ഡോളറും കൈമാറിയിട്ടുണ്ട്. ജാക്വലിൻ ഫെർണാണ്ടസിന്റെ സ്ഥിരനിക്ഷേപം ഉൾപ്പെടെയുളള സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.