കാസര്‍കോട്: ഇൻഫോപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ, ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെന്ന് കരുതുന്ന അര്‍ഷാദിനെ പോലീസ് പിടികൂടി. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് അതിർത്തിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
മലപ്പുറം വണ്ടൂർ അമ്പലപ്പടി പുത്തൻപുര വീട്ടിൽ രാമകൃഷ്ണന്റെ മകൻ സജീവ് കൃഷ്ണയെയാണ് (22) കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പയ്യോളി സ്വദേശിയാണ് അർഷാദ്. അർഷാദിന്റെ ഫോൺ ഇന്നലെ മുതൽ തേഞ്ഞിപ്പലത്തിനടുത്ത് നിന്ന് സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് ഇയാളെ വ്യാപകമായി തിരയുന്നതിനിടെയാണ് പിടിയിലായത്.
അതേസമയം, മരിച്ച സജീവ് കൃഷ്ണയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ 20ലധികം മുറിവുകൾ ഉണ്ട്. കഴുത്തിലും നെഞ്ചിലും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.